തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് പിഎസ്സിയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ഡെപ്യൂട്ടി സെക്രട്ടറി, ജൂണിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയെടുത്തു. മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കിയതാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്. ഒന്നാം പേപ്പറിന്റെ ഇക്കണോമിക്സ് വിഷയത്തിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ ആരെയും നിയോഗിച്ചിരുന്നില്ല.
ഇത് മനഃപൂർവമാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടി. ഇതിനിടെ കൂടുതൽ പരീക്ഷകൾ സംബന്ധിച്ചുള്ള പരാതികൾ എസ്ഐടിക്കു ലഭിക്കുന്നുണ്ട്. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് പിഎസ്സി വിജ്ഞാപനം ഇറക്കിയെന്നാണ് ഉദ്യോഗാർഥികൾ പരാതി നൽകിയത്.